Logo

WeBible

ml
Sathyavedapusthakam (Malayalam Bible) published in 1910
Select Version
Widget
2 Chronicles 9
9 / 36
1
ശെബാരാജ്ഞി ശലോമോന്റെ കീൎത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവൎഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
2
അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.
3
ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും
4
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
5
അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാൎയ്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വൎത്തമാനം സത്യംതന്നേ;
6
ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വൎത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
7
നിന്റെ ഭാൎയ്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
8
നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവൎക്കു രാജാവാക്കിയിരിക്കുന്നു.
9
അവൾ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവൎഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവൎഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
10
ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
11
രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാൎക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
12
ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13
സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
14
അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
15
ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
16
അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
17
രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
18
സിംഹാസനത്തോടു ചേൎത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
19
ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
20
ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
21
രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തൎശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തൎശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.
22
ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
23
ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദൎശനം അന്വേഷിച്ചുവന്നു.
24
അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവൎഗ്ഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.
25
ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാൎപ്പിച്ചിരുന്നു.
26
അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
27
രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
28
മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
29
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദൎശകന്റെ ദൎശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
30
ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
31
പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Webible
Freely accessible Bible
48 Languages, 74 Versions, 3963 Books